മായങ്ക് അഗര്‍വാളിന്റെ ഫീല്‍ഡിങ് സ്റ്റാന്‍സിനെ വിമര്‍ശിച്ച് മുന്‍ താരം വിവിഎസ് ലക്ഷ്മണും രംഗത്തെത്തി. ഈ സ്റ്റാന്‍സില്‍ നിന്ന് ക്യാച്ച് എടുക്കാന്‍ പ്രയാസമാണ് എന്ന് ലക്ഷ്മണ്‍ ചൂണ്ടിക്കാണിക്കുന്നു. 'ഈ ഫീല്‍ഡിങ് സ്റ്റാന്‍സിനോട് എനിക്ക് യോജിപ്പില്ല. ഈ പൊസിഷനില്‍ ആയിരിക്കുമ്പോള്‍, അത്രയും അടുത്ത് ഫീല്‍ഡിങ് പൊസിഷനില്‍ നില്‍ക്കുമ്പോള്‍, ക്യാച്ചുകള്‍ എടുക്കാന്‍ തയ്യാറായി നില്‍ക്കണം. എന്നാല്‍ മായങ്ക് നിന്നത് പോലെയുള്ള സ്റ്റാന്‍സില്‍ തന്റെ നേരെ മുന്നിലേക്ക് വരുന്ന പന്തുകള്‍ മാത്രമാണ് പിടിക്കാനാവുക. ഇടത്തേക്കോ വലത്തേക്കോ വരുന്ന പന്തുകള്‍ പിടിക്കാന്‍ പറ്റില്ല.'- ലക്ഷ്മണ്‍ പറഞ്ഞു.
ഇത്തരത്തില്‍ മുട്ടുകുത്തി ഫീല്‍ഡ് ചെയ്യുന്ന ആദ്യ ഫീല്‍ഡറല്ല മായങ്ക് അഗര്‍വാള്‍. ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായ ജോ റൂട്ടാണ് ഈ തന്ത്രം സമീപകാലത്ത് പ്രയോഗിച്ച കളിക്കാരന്‍. ശ്രീലങ്കക്കെതിരായ ടെസ്റ്റിലായിലുന്നു റൂട്ടിന്റെ മുട്ടുകുത്തല്‍. ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം സ്പിന്നര്‍ ജാക് ലീച്ച് പന്തെറിയുമ്പോഴും ഈ വര്‍ഷം ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റിലും ജോ റൂട്ട് ഇത്തരത്തില്‍ സ്ലിപ്പല്‍ മുട്ടുകുത്തി ഫീല്‍ഡ് ചെയ്ത് കാണികളെ അമ്പരപ്പിച്ചിരുന്നു.
എന്നാല്‍ ഈ തന്ത്രം ആദ്യമായി പ്രയോഗിക്കുന്ന ഫീല്‍ഡര്‍ ജോ റൂട്ടല്ല എന്നതാണ് രസകരമായ കാര്യം. മുന്‍ ഇംഗ്ലണ്ട് ഓപ്പണറായ മാര്‍ക്കസ് ട്രെസ്‌കോത്തിക് കൗണ്ടി മത്സരത്തിലാണ് സ്ലിപ്പില്‍ മുട്ടുകുത്തി ഫീല്‍ഡ് ചെയ്യുന്ന തന്ത്രം ആദ്യമായി പ്രയോഗിച്ചത്.
അതേസമയം, ഇന്ത്യയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലന്‍ഡിന് ആറുവിക്കറ്റ് നഷ്ടമായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റിന് 197 റണ്‍സ് എന്ന നിലയിലായിരുന്നു കിവീസ്. എന്നാല്‍ ഉച്ചഭക്ഷണത്തിനുശേഷം തുടര്‍ച്ചായി നാല് വിക്കറ്റെടുത്ത് ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കി. 122 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ അവര്‍ 254 റണ്‍സെടുത്തിട്ടുണ്ട്.
നേരത്തെ, ശ്രേയസ് അയ്യരുടെ അരങ്ങേറ്റ സെഞ്ചുറിയിലൂടെ ഇന്ത്യ വൈകാരികമായ സന്തോഷം കണ്ടെത്തിയെങ്കിലും രണ്ടാം ദിനത്തില്‍ സാങ്കേതികമായി ന്യൂസിലന്‍ഡ് മുന്നിലെത്തിയിരുന്നു. നാലിന് 258 എന്ന മികച്ച സ്‌കോറിന്റെ ആത്മവിശ്വാസത്തില്‍ കളി തുടങ്ങിയ ഇന്ത്യയെ 345 റണ്‍സില്‍ ഓള്‍ഔട്ടാക്കാനും മറുപടി ബാറ്റിങ്ങില്‍ വിക്കറ്റു നഷ്ടമില്ലാതെ 100 കടക്കാനും സന്ദര്‍ശകര്‍ക്കു കഴിഞ്ഞു. അഞ്ചു വിക്കറ്റു നേടിയ പേസര്‍ ടിം സൗത്തിയാണു ഇന്ത്യയെ ചുരുട്ടിക്കെട്ടിയത്.